Thursday, September 27, 2012

ചില സംസ്കൃതഭാഷാ ചിന്തകള്‍


ഭാരതീയ പൈതൃകം ലോകോത്തരമാണെന്നും സമസ്ത ലോകത്തിനും മാര്‍ഗദര്‍ശനമേകാന്‍ പ്രാപ്തിയുള്ളതാണെന്നും സര്‍വ്വാത്മനാ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ലോകം മുഴുവനും ഭാരതത്തിന്റെ ബൗദ്ധികസമ്പത്തിന്റെ പങ്ക്‌ പറ്റാന്‍ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആയുര്‍വേദവിജ്ഞാനത്തിന്റെ പേറ്റന്റ്‌ നേടാന്‍ ലോകരാഷ്ട്രങ്ങള്‍ മത്സരിക്കുന്നു.

സമ്പന്നമായ ഈ പൈതൃകത്തെ സൂക്ഷ്മതലത്തില്‍ തിരിച്ചറിയാന്‍ ഭാരതീയരായ നമ്മുടെ ശേഷി എത്രത്തോളമുണ്ടെന്ന്‌ പരിശോധിക്കുമ്പോള്‍ പലതും നാമറിയുന്നത്‌ പാശ്ചാത്യരിലൂടെ ആണെന്ന്‌ ബോദ്ധ്യപ്പെടും. എന്നാല്‍ ഈ തിരിച്ചറിവ്‌ അപൂര്‍ണമാണെന്നും ചിലതെങ്കിലും അബദ്ധങ്ങളാണെന്നുള്ളതും സത്യമാണ്‌. ഇതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ ഈ രംഗത്ത്‌ നടക്കുന്ന പഠനങ്ങളെല്ലാംതന്നെ മൂലഗ്രന്ഥത്തിന്റെ വിവര്‍ത്തനത്തെ ആശ്രയിച്ചാണ്‌ നടക്കുന്നതെന്നും അതിനു കാരണം സംസ്കൃതഭാഷയിലുള്ള സ്വാധീനക്കുറവ്‌ ആണെന്നും മനസിലാക്കാവുന്നതേയുള്ളു. അഥവാ മൂലഗ്രന്ഥംതന്നെ ചര്‍ച്ചചെയ്യുമ്പോഴും ഭാഷയുടെ പരിമിതി നമ്മുടെ യുവത്വത്തിന്‌ അനുഭവപ്പെടുന്നുണ്ട്‌. അതുകൊണ്ട്‌ നമ്മുടെ വേദങ്ങളിലേയും ഉപനിഷത്തുക്കളിലേയും ഇതിഹാസങ്ങളിലേയും ആയുര്‍വേദ ഗ്രന്ഥങ്ങളിലേയും സാദ്ധ്യതകള്‍ പൂര്‍ണമായും നമുക്ക്‌ ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നു.

നമ്മുടെ യജ്ഞശാലകളിലെ പഠനം പാശ്ചാത്യര്‍ക്ക്‌ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. സംസ്കൃതഗ്രന്ഥങ്ങളുടെ വിവര്‍ത്തനം പാശ്ചാത്യ ഭാഷകളിലേക്കാണ്‌ നടന്നിട്ടുള്ളത്‌ എന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌. നമ്മുടെ പൈതൃകസമ്പത്തായ ചാണക്യനും ചരകനും കണാദനും കാളിദാസനും ഭരതമുനിയും ചര്‍ച്ചക്ക്‌ വിധേയമാക്കാന്‍ ശേഷിയില്ലാത്ത ഭാരതീയര്‍ വൈദേശിക ചിന്തകന്മാരുടെ അപൂര്‍ണ ചിന്തകളെ ആശ്രയിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. അതിന്റെ ഫലമായി അപൂര്‍ണങ്ങളും അബദ്ധങ്ങളുമായ നിഗമനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ഇത്‌ അബദ്ധധാരണകള്‍ക്കും അപക്വചിന്തകള്‍ക്കും കാരണമാകുന്നു. ചുരുക്കത്തില്‍ നമ്മുടെ ദേശത്തിന്റെ അതിഗഹനമായ പൈതൃകസമ്പത്ത്‌ നമുക്ക്‌ അന്യമാകുന്നു.

സംസ്കൃതഭാഷാപഠനം നാമമാത്രമായി നമ്മുടെ വിദ്യാലയങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും തീരെ ഫലപ്രദമല്ല എന്നുള്ളത്‌ വസ്തുതയാണ്‌. എന്താണ്‌ കാരണം എന്ന്‌ പരിശോധിക്കുമ്പോള്‍ ഭാഷാപഠനം ശൈശവത്തില്‍ നടക്കണം, അഥവാ ഒന്നാം തരം മുതല്‍ ആരംഭിക്കണം എന്ന വിദ്യാഭ്യാസചിന്തകന്മാരുടെ നിഗമനത്തെ ബന്ധപ്പെടുത്തി ചിന്തിക്കേണ്ടതുണ്ട്‌. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലീഷ്‌ ഭാഷ ഒന്നാം തരത്തില്‍ ആരംഭിക്കണം എന്ന്‌ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ചുരുക്കത്തില്‍ സംസ്കൃത ഭാഷാപഠനം ലോവര്‍പ്രൈമറി ക്ലാസ്സുകളില്‍, അതായത്‌, ഒന്നാം തരത്തില്‍ ആരംഭിക്കുമ്പോള്‍ മാത്രമെ കാര്യക്ഷമമാവുകയുള്ളു. എന്നാല്‍, സംസ്കൃതഭാഷാപഠനം കേരളത്തില്‍ അപ്പര്‍ പ്രൈമറി ക്ലാസ്സുകളില്‍ ഐച്ഛികമായി മാത്രം നടക്കുന്നതാണ്‌. പലപ്പോഴും ഹൈസ്കൂള്‍ തലത്തില്‍ പഠനസൗകര്യം ലഭ്യവുമല്ല. ഇതുകൊണ്ട്‌ ഗൗരവമുള്ള പഠനം നടക്കുന്നില്ല. ഇതിനുള്ള പരിഹാരം ഒന്നാം തരം മുതല്‍ സംസ്കൃതഭാഷ ഐച്ഛികമായെങ്കിലും പഠിക്കാനവസരം സൃഷ്ടിക്കുക എന്നുള്ളതാണ്‌.

ഈ ആവശ്യം പരിഗണിക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന പ്രശ്നം ഇപ്പോഴത്തെ വിദ്യാലയ പ്രവൃത്തി സമയത്തില്‍ ഇതിനുള്ള സമയം പ്രത്യേകം കണ്ടെത്താനുള്ള പ്രയാസമാണ്‌. എന്നാല്‍ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്ത്‌ ലോവര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ അറബി പഠനത്തിന്‌ നീക്കിവെച്ച ആഴ്ചയില്‍ നാല്‌ പിരിയഡ്‌ സമയത്ത്‌ അറബി പഠിക്കാന്‍ താല്‍പര്യമില്ലാത്ത കുട്ടികള്‍ വെറുതെയിരിക്കുകയാണ്‌. മറ്റ്‌ പഠനവിഷയങ്ങളെല്ലാം പൊതുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കിട്ടേണ്ടതായതിനാല്‍ ഈ സമയത്ത്‌ മറ്റു വിഷയങ്ങള്‍ പഠനം നടത്തുന്നത്‌ ശരിയല്ലതാനും. അതേസമയം വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റ്‌ സാദ്ധ്യായദിവസങ്ങളും മണിക്കൂറുകളും വര്‍ദ്ധിപ്പിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുമ്പോള്‍ അറബി പഠനത്തിലേര്‍പ്പെടാത്ത ലോവര്‍പ്രൈമറി ക്ലാസ്സിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ആഴ്ചയില്‍ നാല്‌ പിരിയഡ്‌ അതായത്‌ മൂന്ന്‌ മണിക്കൂര്‍ പഠന സമയമാണ്‌.

ഇത്‌ ഒരു വര്‍ഷം കൊണ്ട്‌ 120 മണിക്കൂറും നാല്‌ വര്‍ഷംകൊണ്ട്‌ 480 മണിക്കൂറും ആകുന്നു. ആഴ്ചയില്‍ 1/2 ദിവസത്തിലധികവും വര്‍ഷത്തില്‍ 24 പഠനദിവസവും ലോവര്‍ പ്രൈമറി പഠനകാലമായ നാല്‌ വര്‍ഷംകൊണ്ട്‌ 96 പഠനദിവസവും നഷ്ടപ്പെടുന്നുണ്ട്‌ (ഒരു പഠനദിവസം 5 മണിക്കൂര്‍) ഒരു മതേതര ജനാധിപത്യ സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന പൊതു വിദ്യാഭ്യാസരംഗത്തെ ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനും മുന്‍പ്‌ സൂചിപ്പിച്ച തരത്തില്‍ പ്രാധാന്യമുള്ള സംസ്കൃതഭാഷാപഠനത്തിന്‌ സൗകര്യമുണ്ടാക്കാനും ലോവര്‍ പ്രൈമറി വിദ്യാഭ്യാസരംഗത്ത്‌ അറബി ഭാഷാ പഠനത്തിനനുവദിച്ച പിരിയഡില്‍ സംസ്കൃതം പഠിക്കാനുള്ള അവസരം സൃഷ്ടിക്കാവുന്നതേയുള്ളു. സംസ്കൃതഭാഷാപഠനം ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍ ആരംഭിക്കണം എന്ന്‌ സര്‍ക്കാര്‍ നിയോഗിച്ച സുനീത്‌ കുമാര്‍ ചാറ്റര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌ എന്നുള്ളതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്‌.

പി. ശങ്കരന്‍ (ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട്‌ ജില്ല ഉപാദ്ധ്യക്ഷനാണ്‌ ലേഖകന്‍




സംസ്കൃതഭാഷയെ പ്രോത്സാഹിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം: സ്പീക്കര്‍

കാലടി: വിദ്യാലയങ്ങളില്‍ സംസ്കൃതഭാഷാപഠനം പ്രോത്സാഹിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. തിരുവൈരാണിക്കുളം അകവൂര്‍ പ്രൈമറി സ്കൂളിന്റെയും കേരള വര്‍മ സംസ്കൃത യുപി സ്കൂളിന്റെയും പുതിയ മന്ദിരോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാംസ്കാരിക പൈതൃകം ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന സംസ്കൃത ഭാഷക്കും അതിന്റെ സാഹിത്യസൃഷ്ടികള്‍ക്കും ഇന്ന്‌ ഗൗരവമായ പരിഗണന ലഭിക്കുന്നില്ല. സംസ്കൃത സര്‍വ്വകലാശാല ഉള്ളത്കൊണ്ട്മാത്രം ഭാഷ പരിപോഷിക്കുമെന്ന്‌ കരുതാനാവില്ല. വിദേശ സര്‍വകലാശാലകളും മറ്റും സംസ്കൃതത്തിന്‌ പ്രാധാന്യം നല്‍കുന്നുവെന്ന തിരിച്ചറിവ്‌ നമുക്ക്‌ ഉണ്ടാകണം. സമ്പന്നമായ സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സ്കൂള്‍തലം മുതല്‍ ശ്രദ്ധവേണമെന്നും കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. അന്‍വര്‍ സാദത്ത്‌ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷനായി. സ്കൂളില്‍നിന്ന്‌ വിരമിച്ച അധ്യാപകരെ കെ.പി.ധനപാലന്‍ എംപി ആദരിച്ചു. ആദ്യകാല വിദ്യാര്‍ത്ഥികളെ അന്‍വര്‍ സാദത്ത്‌ എംഎല്‍എ ആദരിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗം മോഹന്‍ സുവനീര്‍ പ്രകാശനവും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എച്ച്‌.ഹംസ ഫോട്ടോ അനാഛാദനവും നിര്‍വഹിച്ചു.


സംസ്കൃത ഭാഷാപ്രചരണ പ്രഭാഷണ പരമ്പര

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 15 ദിവസം നീളുന്ന സംസ്കൃത ഭാഷാ പ്രചരണ പ്രഭാഷണ പരമ്പരക്ക്‌ 7ന്‌ തുടക്കം കുറിക്കും. ലാംഗ്വേജ്‌ ലാബില്‍ കാലത്ത്‌ 10മണിക്ക്‌ ആരംഭിക്കുന്ന പരിപാടിയില്‍ പൂനെ സംസ്കൃത സര്‍വ്വകലാശാല മുന്‍ ഡയറക്ടര്‍ പ്രൊഫ. വി.എന്‍. ഝാ മുഖ്യപ്രഭാഷണം നടത്തും.

കാലടി സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ജെ. പ്രസാദ്‌ പഠനപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. പ്രൊ. വൈസ്‌ ചാന്‍സലര്‍ ഡോ. എസ്‌. രാജശേഖരന്‍ അധ്യക്ഷത വഹിക്കും. സംസ്കൃത വിഭാഗം ഡീന്‍ ഡോ. ടി. ആര്യാദേവി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.

സംസ്കൃത വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സഹായകമാകുന്ന വിധത്തിലാണ്‌ ഇന്ത്യയിലെ പ്രമുഖ സംസ്കൃത പണ്ഡിതരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പഠന പ്രഭാഷണ പരമ്പര ഒരുക്കുന്നത്‌. കേരള സംസ്ഥാന ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ ആണ്‌ കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃത ന്യായവിഭാഗവുമായി ചേര്‍ന്ന്‌ പരിപാടി ഒരുക്കുന്നത്‌. 22ന്‌ തുടര്‍ പ്രഭാഷണ പരമ്പര സമാപിക്കും.

അവഗണന: സംസ്കൃത അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്‌

മലപ്പുറം: ഒന്നാംക്ലാസ്‌ മുതല്‍ സംസ്കൃതപഠനം ആരംഭിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിലും സംസ്ഥാന കരിക്കുലം കമ്മറ്റിയില്‍ സംസ്കൃതഭാഷാ പ്രതിനിധിയെ മാത്രം ഉള്‍പ്പെടുത്താത്തതിലും കേരള സംസ്കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാനകമ്മറ്റി യോഗം പ്രതിഷേധിച്ചു. സംസ്ഥാന ക്വാളിറ്റി ഇംപ്രൂമെന്റ്‌ മോണിറ്ററിംഗ്‌ കമ്മറ്റിയില്‍ നിന്നും സംസ്കൃതാധ്യാപകരെ മാറ്റി നിര്‍ത്തിയതിലും സംസ്കൃത ഭാഷയോടും സംസ്കൃത അധ്യാപകരോടുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ അവഗണനയിലും യോഗം പ്രതിഷേധിച്ചു. ഇതിനെതിരെ ജൂലൈ മാസം മുതല്‍ പ്രക്ഷോഭമാരംഭിക്കാന്‍ കേരള സംസ്കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു. കെഡിഎസ്ടിഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ. പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. കേരള സംസ്കൃതാധ്യാപക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ എം.എസ്‌. ശര്‍മ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ടി.കെ. സന്തോഷ്കുമാര്‍, പി.ജി. അജിത്‌ പ്രസാദ്‌ സംസാരിച്ചു.




No comments:

Post a Comment